National
ബംഗുളൂരു: വാങ്ങിയ സിഗരറ്റിന്റെ പണം ആവശ്യപ്പെട്ട കടയുടമയെ യുവാക്കൾ മർദിച്ചു കൊന്നു. കർണാടകയിലെ ബലഗാവി ജില്ലയിലെ ബൊഡകെനാട്ടി ഗ്രാമത്തിലാണ് സംഭവം.
ബോഡകേനാട്ടി സ്വദേശി യല്ലപ്പ ദുർഗപ്പ നായികാണ് (48) മരിച്ചത്. സംഭവത്തിൽ കഡോളി ഗ്രാമവാസികളായ പ്രജ്വൽ രാമചന്ദ്ര പാട്ടീൽ (22), നിഖിൽ മഹേഷ് ചൗഗലെ (22), വിവേക് രാജേന്ദ്ര ചൗഗലെ (22), ശ്രീധർ രത്തൻ പാട്ടീൽ (21) എന്നിവരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഹുക്കേരി താലൂക്കിലെ മോഹനഗാഡിൽ മേളയിൽ പങ്കെടുത്ത നാല് പ്രതികളും മദ്യലഹരിയിൽ മോട്ടോർ സൈക്കിളിൽ മടങ്ങുകയായിരുന്നു. അർധരാത്രിയോടെ സിഗരറ്റ് വലിക്കാൻ അവർ ബോഡകെനാട്ടി ഗ്രാമത്തിൽ വണ്ടി നിർത്തി.
കട അടച്ചുകൊണ്ടിരുന്നപ്പോൾ തടഞ്ഞുനിർത്തിയ യുവാക്കൾ സിഗരറ്റ് എടുത്ത് പുകവലിക്കാൻ തുടങ്ങി. തുടർന്ന് നായിക് അവരോട് പണം ആവശ്യപ്പെട്ടു. യല്ലപ്പ ദുർഗപ്പയോടു തർക്കിച്ച യുവാക്കൾ ഇയാളെ ആക്രമിച്ചു.
ആക്രമണത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റു. നാട്ടുകാർ അദ്ദേഹത്തെ ബെലഗാവിയിലെ കെഎൽഇ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ നാല് പ്രതികളെയും കകാട്ടി പോലീസ് പിടികൂടുകയായിരുന്നു.
Kerala
പാലക്കാട്: പോത്തുണ്ടി ഡാം ഉദ്യാനത്തിലെ വനിതാ ജീവനക്കാര്‍ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
യുവതിയേക്കുറിച്ചുള്ള മോശം പരാമര്‍ശം ജീവനക്കാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനം. ഉദ്യാനത്തിന്റെ ഗേറ്റടച്ച് ഇവരെ പൂട്ടിയിട്ട ശേഷമായിരുന്നു മര്‍ദനം. പരിക്കേറ്റ ജീവനക്കാര്‍ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സംഭവത്തില്‍ നാല് പേര്‍ക്കെതിരേ നെന്മാറ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന നാല് പേര്‍ക്കെതിരെയാണ് കേസ്.
Kerala
കൊച്ചി: രണ്ടാമതും ടച്ചിംഗ്സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇയാൾ നിലവിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും മര്‍ദ്ദനത്തില്‍ പരിക്കുണ്ട്. ബുധനാഴ്ച രാത്രി തുപ്പംപടിയിലെ ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാർ അസഭ്യം പറഞ്ഞതും ചോദ്യം ചെയ്തതുമാണ് തർക്കത്തിനു കാരണം.
തർക്കത്തിനിടെ സംഘം ചേർന്നെത്തിയ ബാർ ജീവനക്കാർ യുവാക്കളെ ബിയർ കുപ്പി ഉപയോഗിച്ചു മർദിച്ചെന്നാണ് പരാതി. ബിയർ കുപ്പിക്ക് തലയ്ക്ക് അടിയേറ്റ് അനന്തു ബോധരഹിതനായി വീണു. അടിയേറ്റുവീണ അനന്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ബാർ ജീവനക്കാർ മടങ്ങി.
ഒപ്പം ആളില്ലാത്തതിനാൽ അനന്തുവിനെ സ്വകാര്യ ആശുപത്രി അധികൃതർ എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. തലയിൽ ഗുരുതര പരിക്കുണ്ടായിരുന്നതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു.
Kerala
പത്തനംതിട്ട: എഴുമറ്റൂരില്‍ പ്ലസ് ടൂ വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ പെരുമ്പെട്ടി പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് നടപടി.
മാക്കാട് ഊന്നുകല്ലില്‍ പുത്തന്‍വീട്ടില്‍ അഭിനവിന് മര്‍ദനമേറ്റെന്ന പരാതിയിലാണ് കേസ്. എഴുമറ്റൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിയായ അഭിനവിനെ സഹപാഠികള്‍ മര്‍ദിച്ചെന്നായിരുന്നു പരാതി.
അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂമിന് മുന്നില്‍വച്ച് ആക്രമിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അഭിനവിന്റെ കണ്ണിലും ചെവിയിലും നെറ്റിയിലും സാരമായി പരിക്കേറ്റിരുന്നു.